എയർടെല്ലിനും ജിയോക്കും എതിരെ പരാതി
രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട് ടെലികോം കമ്പനികളും ട്രായ്ക്ക് മറുപടി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും പ്രതിനിധികൾ 2022 ഒക്ടോബറിൽ ഐഎംസി (ഇന്ത്യ മൊബൈൽ കോൺഗ്രസ്) യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടിരുന്നു.
നിലവിൽ രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ജിയോയുടെയും എയർടെല്ലിന്റെയും 5ജി സേവനങ്ങൾ ലഭ്യമാണ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് വിഐ 5ജി സേവനങ്ങൾ നല്‍കുന്നത്. ഉപഭോക്താക്കൾക്ക് യോഗ്യമായ 4ജി പ്ലാനുകൾ നൽകുന്നതിനാൽ തങ്ങളുടെ 5ജി സേവനങ്ങൾ സൗജന്യമായി നല്‍കുന്നില്ലെന്ന് എയർടെല്ലും ജിയോയും അവകാശപ്പെടുന്നതായി ട്രായ് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് “എയർടെൽ 5G പ്ലസ്” വേഗതയേറിയ ഇന്റർനെറ്റ് ഡാറ്റാ പരിധിയില്ലാതെ ആസ്വദിക്കാമെന്ന് പ്രഖ്യാപിച്ച് എയർടെൽ രംഗത്തെത്തിയിരുന്നു.