‘തറവാട്’ വിമാനം നിർത്തുന്നു
അടുത്തമാസം മുതൽ ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം നിർത്താൻ ഉള്ള നീക്കം നടക്കുന്നു. പ്രവാസികളുടെ ‘തറവാട്’ ഫ്ലൈറ്റ് ആണ് ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം. രണ്ടു പതിറ്റാണ്ടായി ഷാർജയിൽ നിന്ന് സർവിസ് നടത്തിയിരുന്ന ഈ വിമാനം പ്രവാസികൾക്ക് സുപരിചിതമായിരുന്നു. ‘തറവാട്’ ഫ്ലൈറ്റ് എന്ന പേരിലാണ് ഈ വിമാനം അറിയപ്പെട്ടിരുന്നത്. മാർച്ച് 27 മുതൽ ഈ സർവിസ് നിർത്തലാക്കുമെന്നാണ് അറിയുന്നത്. 26 വരെ മാത്രമാണ് നിലവിൽ ബുക്കിങ് കാണിക്കുന്നത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഏക എയർ ഇന്ത്യ സർവിസ് നിർത്തലാക്കുന്നത് പ്രവാസികൾക്കും തിരിച്ചടിയാകും.
ദീർഘകാലത്തെ ചരിത്രം പറയാനുണ്ട് ഈ സർവിസിന്. കോഴിക്കോട്ട് നിന്ന് ഷാർജയിലേക്കുള്ള ആദ്യ സർവീസായിരുന്നു ഇത്. തുടങ്ങിയ കാലം മുതൽ ഇതുവരെ ഒരേസമയത്തായിരുന്നു ഈ സർവീസ്. ആദ്യകാലത്ത് ഈ റൂട്ടിൽ ഇന്ത്യൻ എയർലൈൻസാണ് സർവിസ് നടത്തിയിരുന്നത്. പിന്നീട് ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയായി മാറുകയായിരുന്നു. കോവിഡ് കാലത്ത് സർവിസ് താൽക്കാലികമായി നിർത്തിയിരുന്നെങ്കിലും കഴിഞ്ഞവർഷം മാർച്ച് 28നാണ് വീണ്ടും സർവിസ് ആരംഭിക്കുന്നത്. യാത്രയിൽ ലഭിച്ചിരുന്ന കപ്പലണ്ടിയും മധുരപാനീയങ്ങളും തുടർന്നുള്ള വിഭവസമൃദ്ധമായ ഭക്ഷണവുമൊക്കെ മലയാളികളുടെ ഗൃഹാതുര സ്മരണകളിലുണ്ട്. മറ്റു വിമാനങ്ങളിൽനിന്ന് ഭിന്നമായ സ്വീകരണമാണ് ഈ വിമാനത്തിൽ ലഭിച്ചിരുന്നത്. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഈ സർവിസ് പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു.
ഷാർജയിൽനിന്ന് പുറപ്പെടുന്ന ഇതിന്റെ സമയവും തിരക്ക് കുറഞ്ഞ സമയങ്ങളിലുള്ള കൂടിയ ലഗേജുമാണ് യാത്രക്കാരെ ആകർഷിച്ചിരുന്നത്. ഷാർജയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സർവിസുകളുടെ സമയം രാത്രിയാണ് എന്നതുതന്നെയായിരുന്നു ഇതിന്റെ പ്രത്യേകത. അതത് ദിവസങ്ങളിൽ ജോലികഴിഞ്ഞ് അന്നു രാത്രിതന്നെ നാട്ടിലേക്ക് പുറപ്പെടാം എന്ന സൗകര്യവും തിരികെ രാത്രി നാട്ടിൽനിന്നും പുറപ്പെട്ട് അർധരാത്രിയിൽ ഷാർജയിൽ തിരിച്ചെത്തുകയും പിറ്റേദിവസം തന്നെ ജോലിയിൽ പ്രവേശിക്കാനും കഴിയുമെന്നതാണ് ഈ സർവിസിലൂടെ പ്രവാസികൾക്ക് ലഭിച്ചിരുന്ന ഗുണം.