പ്രീമിയം ഇക്കോണമി ക്ലാസ്സുമായി എയർ ഇന്ത്യ
അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുകയെന്ന എയർ ഇന്ത്യ അറിയിച്ചു. ബംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ആയിരിക്കും ആദ്യം ഇക്കോണമി ക്ലാസുകൾ ഉണ്ടാകുക. മാത്രമല്ല, ബോയിംഗ് 777-200 എൽ ആർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത ഫ്ലൈറ്റുകളിലാണ് പ്രീമിയം ഇക്കോണമി ക്ലാസ് ആദ്യം ലഭ്യമാകുക.
ഫസ്റ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നീ നാല് ക്യാബിൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്ന ആദ്യത്തെ എയർലൈൻ ആണ് എയർ ഇന്ത്യ. 2023 മെയ് 15 മുതൽ ആരംഭിക്കുന്ന ഇക്കോണമി ക്ലാസ്സുകൾക്കായുള്ള ടിക്കറ്റുകളുടെ വില്പന ആരംഭിച്ചതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. വൈകാതെ പ്രീമിയം ഇക്കോണമി ക്ലാസ് മറ്റ് പല റൂട്ടുകളിലും ലഭ്യമാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, കഴിഞ്ഞ വർഷം നവംബറിൽ തങ്ങളുടെ ചില വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ചേർക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ചിരുന്നു.