നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും.
പുതുതായി വാടകയ്ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല നിലവിലുള്ള വിമാനങ്ങൾ അറ്റകുറ്റ പണികൾ നടത്തി തിരികെ സർവീസ് ആരംഭിക്കും. മുംബൈ-ന്യൂയോർക്ക് സർവീസ് നടത്താൻ B777-200LR വിമാനം ഉപയോഗിക്കും. ഫെബ്രുവരി 14 മുതൽ ഈ സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിമാനം കൂടി എത്തുന്നതോടെ എയർ ഇന്ത്യയുടെ ഇന്ത്യ-യുഎസ് സർവീസ് ആഴ്ചയിൽ 47 എണ്ണമായി ഉയരും.