നിലപാട് വ്യക്തമാക്കി എഐസിസി
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്നാണ് തരൂരിന്റെ പ്രതികരണം. തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.
ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നാല്പതംഗ താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ അണിനിരക്കുന്ന പട്ടികയില്‍ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ആഴ്ചകളില്‍ സജീവമാകുന്ന പ്രചാരണത്തില്‍ പ്രധാന നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തിയെങ്കില്‍ ശശി തരൂരിന് ക്ഷണമില്ല. താരപ്രചാരകരുടെ പട്ടികയില്‍ ഇല്ലാത്തതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍എസ് യു സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലേക്കുള്ള ക്ഷണം തരൂര്‍ നിരസിച്ചതായാണ് വിവരം.