‘അഡെനോ വൈറസ്’ ബാധ വ്യാപകമാകുന്നു

 ‘അഡെനോ വൈറസ്’ ബാധ വ്യാപകമാകുന്നു

രാജ്യത്ത് പലയിടങ്ങളിലും കുട്ടികള്‍ക്കിടയില്‍ വ്യാപകമാവുകയാണ് ‘അഡെനോവൈറസ്’ ബാധ. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതൊരു വൈറസാണ്. അധികവും പനി, ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ‘അഡെനോവൈറസ്’ബാധയിലുണ്ടാവുന്നത്.ഇതിനായി ചികിത്സയില്ലെങ്കിലും രോഗി ഏതുതരം പ്രയാസങ്ങളാണ് നരിടുന്നത് എങ്കില്‍ അത് പരിഹരിക്കാനുള്ള ചികിത്സയാണ് നല്‍കി വരിക.

കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് വ്യാപകമായി ‘അഡെനോവൈറസ്’ കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വരുന്നത്. ഇതില്‍ ബംഗാളിലെ അവസ്ഥ വളരെ ഗുരുതരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുതലാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രോഗലക്ഷണങ്ങളും പ്രയാസങ്ങളും ഏറെ നീണ്ടുനില്‍ക്കുന്നുവെന്നതും രോഗം ഭേദമായി തിരിച്ചുപോയവരില്‍ വീണ്ടും ഇത് സംബന്ധിച്ച പ്രയാസങ്ങള്‍ ലോംഗ് കൊവിഡിലെന്ന പോലെ കാണപ്പെടുന്നുവെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു.

ന്യുമോണിയ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടാണ് പല കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതത്രേ. എന്നാല്‍ രക്തപരിശോധന നടത്തുന്നതോടെ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയാണ്. ജീവൻ നിലനിര്‍ത്താൻ വെന്‍റിലേറ്ററിന്‍റെ സൗകര്യം വേണ്ടിവരുന്ന അവസ്ഥ പോലും ‘അഡെനോവൈറസ്’ രോഗികളില്‍ ഇപ്പോള്‍ കാണുന്നുവെന്ന് മുംബൈയില്‍ നിന്നുള്ള ഡോ. സൂനു ഉദാനി പറയുന്നു. പല കുട്ടികള്‍ക്കും രോഗബാധയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ കാര്യമായ അണുബാധയുണ്ടാകുന്നുവെന്നും ഇത് ഭയപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചുമ, ജലദോഷം, തൊണ്ടവേദന, പനി, ശ്വാസതടസം പോലുള്ള ലക്ഷണങ്ങളാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കൊവിഡിലെന്ന പോലെ തന്നെ പെട്ടെന്ന് ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് സ്രവകണങ്ങളിലൂടെ വൈറസ് പകരുമെന്നതിനാല്‍ മാസ്ക് ധരിക്കുന്നതും വ്യക്തിശുചിത്വവും തന്നെയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. 2018ല്‍ ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോട്ടെക് ഇതിനുള്ള വാക്സിൻ നിര്‍മ്മാണം തുടങ്ങിവച്ചിരുന്നെങ്കിലും കൊവിഡിന്‍റെ വരവോടെ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു.

നിലവില്‍ ബംഗാളിലും മഹാരാഷ്ട്രയിലുമാണ് ‘അഡെനോവൈറസ്’ കേസുകള്‍ കാര്യമായി വരുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ ഇതിനെ നിസാരമായി കണക്കാക്കേണ്ട എന്നാണ് ഇവിടങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പായി നല്‍കുന്നത്.