യുവതികൾക്ക് നേരെ ക്രൂരത
സ്വവർഗ്ഗ പ്രണയികളാണെന്ന് ആരോപിച്ച് മൂന്നംഗ സംഘം രണ്ടു യുവതികളെ അവര്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. യുവതികളെ തല്ലിച്ചതച്ചശേഷം, വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഘം യുവതികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പു കമ്പി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. യുവതികളില്‍ ഒരാളുടെ ബന്ധുവും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. യുവതികളുടെ പരാതിയില്‍ പൊലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു യുവതിയുടെ വീട്ടില്‍ രാത്രി 11 മണിക്കുശേഷമാണ് യുവാക്കള്‍ അതിക്രമിച്ചു കയറിയത്. സുഹൃത്തായ മറ്റൊരു യുവതിയും സംഭവസമയത്ത് ആ മുറിയിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ സ്വവര്‍ഗ പ്രണയമാണെന്ന് ആരോപിച്ചാണ് കൂട്ടത്തിലൊരു യുവതിയുടെ ബന്ധുവും മറ്റ് രണ്ടുപേരും മുറിയില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.