ആര്‍ദ്ര കേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 ആര്‍ദ്ര കേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്തുകളിൽ കോഴിക്കോടിനാണ്​ പുരസ്കാരം. തിരുവനന്തപുരമാണ്​ മികച്ച മുനിസിപ്പൽ കോർപഷേൻ. എറണാകുളം ജില്ലയിലെ പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക്​ പഞ്ചായത്ത്​, പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര ഗ്രാമപഞ്ചായത്ത്​ എന്നിവ മുനിസിപ്പാലിറ്റി, ​​ബ്ലോക്ക്​, ഗ്രാമപഞ്ചായത്ത്​ വിഭാഗങ്ങളിൽ പുരസ്കാരം നേടി. 10 ലക്ഷം രൂപ വീതമാണ്​ ഉപഹാരം.

ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍, കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ പരിഗണിച്ചാണ്​ പുരസ്കാരം.

ജില്ല പഞ്ചായത്തിൽ പാലക്കാടും കോര്‍പറേഷനിൽ കൊല്ലവും മുനിസിപ്പാലിറ്റികളിൽ കൊല്ലം കരുനാഗപ്പള്ളിയും ബ്ലോക്ക് പഞ്ചായത്തിൽ ഇടുക്കി നെടുങ്കണ്ടവും ഗ്രാമപഞ്ചായത്തിൽ തിരുവനന്തപുരം പോത്തന്‍കോടും രണ്ടാംസ്ഥാനം നേടി. മൂന്നാം സ്ഥാനം: ജില്ലാ പഞ്ചായത്ത്: കോട്ടയം, മുനിസിപ്പാലിറ്റി: വൈക്കം, കോട്ടയം, ബ്ലോക്ക് പഞ്ചായത്ത്: ശാസ്താംകോട്ട, കൊല്ലം, ഗ്രാമ പഞ്ചായത്ത്​: കിനാന്നൂര്‍ കരിന്തളം, കാസർകോട്.