എന്‍റെ കേരളം മേള തൃശ്ശൂരിൽ

 എന്‍റെ കേരളം മേള തൃശ്ശൂരിൽ

എന്‍റെ കേരളം മെഗാ എക്സിബിഷൻ തൃശ്ശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ തുടങ്ങി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിലാണ് പരിപാടി നടക്കുന്നത്. മെയ് 15 വരെയാണ് പ്രദര്‍ശന മേള. ദിവസവും കലാപരിപാടികള്‍, കരിയര്‍ എക്സ്പോ, സെമിനാറുകള്‍, പാചക മത്സരം, ബി ടു ബി മീറ്റ്, ഡി.പി.ആര്‍ ക്ലിനിക് എന്നിവയുണ്ടാകും. 120-ൽ അധികം തീം സര്‍വീസ് സ്റ്റാളുകള്‍, 100-ൽ അധികം വിപണന സ്റ്റാളുകള്‍, ടൂറിസം പവലിയൻ, കിഫ്ബി വികസന പ്രദര്‍ശനം, ‘കേരളം ഒന്നാമത്’ പ്രദര്‍ശനം, ടെക്നോളജി പവലിയൻ, സ്പോര്‍സ് ഏരിയ, തൊഴിൽമേള, ആക്റ്റിവിറ്റി കോര്‍ണറുകള്‍ എന്നിവയാണ് മേളയിൽ ഉൾപ്പെടുന്നത്.

സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാണ്. ആധാര്‍ എടുക്കൽ, പുതുക്കൽ, അക്ഷയ സേവനങ്ങള്‍, വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കൽ, തിരുത്തൽ, വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ, പാരന്‍റിങ്, ന്യൂട്രീഷൻ ക്ലിനിക്കുകള്‍, ഫാമിലി, ലീഗൽ കൗൺസലിങ്, ഉദ്യം രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് സേവനങ്ങള്‍, ജീവിതശൈലി രോഗ പരിശോധന, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനീമിയ ടെസ്റ്റ്, കുടിവെള്ള പരിശോധന, യു.എച്ച്.ഐ.ഡി കാര്‍ഡ് വിതണം, ടെലി മെഡിസിൻ, സാക്ഷരത-തുല്യത രജിസ്ട്രേഷൻ, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ സേവനങ്ങള്‍ സൗജന്യമാണ്.

ദിവസവും വൈകീട്ട് രണ്ട് കലാ സാംസ്കാരിക പരിപാടികള്‍ നടക്കും. മെയ് 11-ന് രാത്രി ഏഴിന് ഷഹബാസ് അമന്‍റെ ഗസൽ സന്ധ്യ, മെയ് 12-ന് രാത്രി ഏഴിന് സിത്താര കൃഷ്‍ണകുമാറിന്‍റെ പ്രൊജക്ട് മലബാറിക്കസ് അവതരിപ്പിക്കുന്ന സംഗീത പരിപാടി, മെയ് 14-ന് ആറ് മണിക്ക് കലാഭവൻ സലീമും സംഘവും അവതരിപ്പിക്കുന്ന പാട്ടും ചിരിയും കോമഡി ഷോ, ഏഴിന് രചന നാരായണൻകുട്ടിയുടെ മൺസൂൺ അനുരാഗ ഡാൻസ് തുടങ്ങിയവയാണ് ശ്രദ്ധേയമായ പരിപാടികള്‍.

കരിയര്‍ എക്സ്പോ പവലിയനിൽ വിവിധ കോഴ്സുകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡൻസ് ക്ലാസ്സുകള്‍ നടക്കും. മെയ് 11-ന് രാവിലെ 9 മുതൽ 11 വരെ ബാങ്കിങ് ആൻഡ് ഫൈനാൻസ്, ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെ ഫാഷൻ, ബ്യൂട്ടി, വെൽനസ്, മെയ് 12-ന് ഫുഡ്, അഗ്രികൾച്ചര്‍, ബയോടെക്നോളജി, ലീഗിൽ സ്റ്റഡീസ്, മെയ് 13-ന് സംരംഭകത്വ വികസനം, ലീഡ് ബാങ്കിന്‍റെ വിദ്യാഭ്യാസ വായ്പാ പദ്ധതി, മെയ് 14-ന് എൻജിനീയറിങ് (ഐ.ടി), ഉച്ചയ്ക്ക് എൻജിനീയറിങ് (നോൺ ഐ.ടി), മെയ് 15-ന് മീഡിയ, ആര്‍ട്ട്സ്, കൾച്ചര്‍ ഉച്ച കഴിഞ്ഞ് മെഡിക്കൽ-പാരാമെഡിക്കൽ എന്നിങ്ങനെയാണ് കരിയര്‍ ഗൈഡൻസ് ക്ലാസ്സുകള്‍.

ഫുഡ്കോര്‍ട്ടിൽ കുടുംബശ്രീ പാചക മത്സരം ദിവസവും നടക്കും. ബ്ലോക് തല വിജയികളാണ് പങ്കെടുക്കുക. ടെക്നോളജി പവലിയനിൽ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റോബോട്ടിക്സ് വെര്‍ച്വൽ റിയാലിറ്റി സൗജന്യ പരിശീലനം. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും പങ്കെടുക്കാം.