തേക്കിൻകാട് മൈതാനിയെ ജനസാ​ഗരമാക്കി തൃശൂ‍രിന്റെ പൂരാവേശം

 തേക്കിൻകാട് മൈതാനിയെ ജനസാ​ഗരമാക്കി തൃശൂ‍രിന്റെ പൂരാവേശം

തേക്കിൻകാട് മൈതാനിയെ ജനസാ​ഗരമാക്കി തൃശൂ‍രിന്റെ പൂരാവേശം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 30 ​ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് കുടമാറ്റത്തിന് തുടക്കമായി. വിവിധ വർണ്ണങ്ങളിലും രൂപഭം​ഗിയിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിൽക്കുന്നത്. 50 ഓളം വീതം കുടകളാണ് ഇരുവിഭാ​ഗത്തിന്റെയും കൈയ്യിലുള്ളത്. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്.

ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമാണ് ഇരു വിഭാ​ഗത്തിന്റെയും കുടകൾ. നിറങ്ങളുടെ ഈ മത്സരത്തിന് മാറ്റുകൂട്ടാൻ സ്പെഷ്യൽ കുടകളും ഇരുവിഭാ​ഗത്തിന്റെയും ആവനാഴിയിൽ സൂക്ഷിച്ചിട്ടുണ്ട്. ​ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ​ഗജനിരയെ നയിക്കുന്നത്. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Ananthu Santhosh

https://newscom.live/