നൃത്തോത്സവത്തിനു തുടക്കം
കലയുടെ അവിസ്മരീണയമായ ലയങ്ങള്‍ തീര്‍ത്തു ചിലമ്പു നൃത്തോത്സവത്തിനു അരങ്ങുണര്‍ന്നു. ഇന്നലെയും ഇന്നുമായി 200-ലധികം കലാകാരന്മാര് അണിഞ്ഞൊരുങ്ങി നൃത്തവേദിയില്‍ താളമാടുമ്പോള് ആസ്വാദകരുടെ മനസും നൃത്തത്തില്‍ അമര്ന്നാടും. ഭരതകല ഡാൻസ് ആൻഡ് മ്യൂസിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തില്‍ രണ്ടു ദിവസമായി നടക്കുന്ന ചിലമ്പു നൃത്തോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.
ചിലമ്പു നൃത്തോത്സവം സാംസ്കാരിക കേരളത്തിനു പുതിയ ഉണര്‍വ് ഉണ്ടാക്കിയിരിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നൃത്തലോകത്ത് കേരളത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നൃത്തോത്സവം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് ഡോ. ജി. എസ്. പ്രദീപ് അധ്യക്ഷനായിരുന്നു. സിത്താര ബാലകൃഷ്ണന് , ഗിരിജ ചന്ദ്രന്, മനേഷ് പി. എസ്. , ഡോ. ഷാഹുല്‍ ഹമീദ്, ജ്യോതിസ് ചന്ദ്രന് ,ബിന്ദു പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നു വൈകുന്നേരം 5.30-നു നടക്കുന്ന സമാപന സമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ ഉദ്ഘാടനം ചെയ്യും.