പൊടിപൊടിച്ച് സ്വർണോത്സവം
സംസ്ഥാനത്തെ ജ്വല്ലറികളെല്ലാം ഇന്ന് സ്വർണോത്സവം ആഘോഷിച്ചു. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വൻ തിരക്കാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അനുഭവപ്പെട്ടത്. ഈദ് ആഘോഷം കൂടിയായതോടെ ജ്വല്ലറികളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കായിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.
സ്വർണവിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ് ഉണ്ടായിട്ട് പോലും ഉപഭോക്താക്കളുടെ എണ്ണം ഉയരുകയാണ് ചെയ്തതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. സ്വർണാഭരണ വിപണിയിൽ സന്ധ്യ കഴിഞ്ഞും വ്യാപാരം തുടരുകയാണ്. ജ്യോതിശാസ്ത്ര പ്രകാരം ഈ വർഷത്തിലെ അക്ഷയതൃതീയ മുഹൃത്തം ഏപ്രിൽ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാൽ 2 ദിവസമായാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.