ബോളിവുഡ് എന്ന് സ്വയം വിളിക്കുന്നത് അവസാനിപ്പിക്കണം; മണിരത്നം
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്വന്. മണിരത്നം തന്റെ സ്വപ്ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. അന്നു മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രില്‍ 28 നാണ് പൊന്നിയിന്‍ സെല്വന് 2 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന് പരിപാടിയിലാണ് അണിയറക്കാര്‍.
ഇപ്പോള്‍ ഇതാ ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ് അവാര്‍ഡുമായി ബന്ധപ്പെട്ട എന്റര്‍ടെയ്മെന്റ് സമ്മിറ്റില്‍ പൊന്നിയിന്‍ സെല്വന് സംവിധായകന്റെ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇവിടെ നടന്ന പാനല്‍ ചര്‍ച്ചയില്‍. ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മണിരത്നം അഭിപ്രായപ്പെട്ടു. ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന രീതിയിലുള്ള തെറ്റിദ്ധാരണയും ഇതിലൂടെ അവസാനിക്കുമെന്ന് മണിരത്നം പറഞ്ഞു.