റമ്മി കളിച്ചാൽ മൂന്ന് മാസം തടവും 5000 രൂപ പിഴയും

 റമ്മി കളിച്ചാൽ മൂന്ന് മാസം തടവും 5000 രൂപ പിഴയും

തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർ.എൻ.രവി ബിൽ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിലിന്ന് ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവൻ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ്, മാസങ്ങളായി അംഗീകാരം നൽകാതെ വച്ചിരുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചത്.

ഓൺലൈൻ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളിൽ പണം നഷ്ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്നത് തമിഴ്നാട്ടിൽ പതിവായതോടെയാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് തമിഴ്‌നാട് മന്ത്രിസഭ അംഗീകാരം നൽകിയത്. ഒക്‌ടോബർ ഒന്നിന് ഗവർണർ ആർ എൻ രവി ഈ ഓർഡിനൻസിന് അംഗീകാരം നൽകി. തുടർന്ന് ഒക്‌ടോബർ 19 ന് തമിഴ്‌നാട് നിയമസഭ ഓൺലൈൻ ചൂതാട്ടനിരോധന ബിൽ ഏകകണ്ഠമായി പാസാക്കി. പക്ഷേ മാസങ്ങളോളം ബില്ലിൽ ഒപ്പിടാതെ ഗവർണർ മൗനം തുടർന്നു. ഒടുവിൽ ഇങ്ങനെയൊരു നിയമം നിർമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാട്ടി ഗവർണർ ബിൽ തിരിച്ചയച്ചു.