റമദാൻ രാത്രികളിൽ സജീവമായി മ്യൂസിയങ്ങൾ
റമദാനായാൽ രാത്രിയെ പകലാക്കി മാറ്റുകയാണ് പ്രവാസലോകത്തിന്റെ ശീലം. തെരുവുകളും പാർക്കുകളും മാളുകളും ആഘോഷവേദികളും തുടങ്ങി എല്ലായിടവും രാത്രികളിൽ സജീവമാകും. ഇവക്കുപുറമെ, പ്രദർശനങ്ങളും ഗാലറികളും ഗിഫ്റ്റ് ഷോപ്പുകളുമായി റമദാനിൽ കൂടുതൽ ആകർഷകമായിരിക്കുകയാണ് ഖത്തറിലെ മ്യൂസിയങ്ങൾ. ഖത്തർ മ്യൂസിയംസിന് കീഴിലെ നിരവധി മ്യൂസിയങ്ങൾ റമദാനിൽ അർധരാത്രി വരെ സജീവമാണ്. ശനി മുതൽ വ്യാഴം വരെയുളള സമയങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും രാത്രി എട്ടുമുതൽ 12 വരെയും വെള്ളിയാഴ്ച രാത്രി എട്ടുമുതൽ 12 വരെയുമാണ് മ്യൂസിയങ്ങളുടെ പ്രവർത്തന സമയം. ഈദിന്റെ ആദ്യദിവസം മ്യൂസിയങ്ങൾ അടച്ചിടും. തൊട്ടടുത്ത ദിവസം മുതൽ പതിവു സമയങ്ങളിൽ മ്യൂസിയം പ്രവർത്തിച്ച് തുടങ്ങും.