സൗദി സഞ്ചാരികളുടെ ബഹിരാകാശയാത്ര മെയ്യിൽ
സൗദി സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവർ അടുത്ത മേയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) പുറപ്പെടും. സൗദി സ്പേസ് അതോറിറ്റി, ആക്സിയം സ്പേസ്, അമേരിക്കൻ സ്പേസ് ഏജൻസി (നാസ), സ്പേസ് എക്സ് കമ്പനി എന്നിവ അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് യാത്രയുടെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്.
സൗദി സഞ്ചാരികളുൾപ്പെടെ ‘എ.എക്സ് 2 ബഹിരാകാശദൗത്യ സംഘ’ത്തിൽ നാലുപേരാണുള്ളത്. ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യ സൗദി വനിതയാണ് റയാന ബർനാവി. സഹചാരിയായ സൗദി പൗരൻ അലി അൽഖർനിയെയും കൂടാതെ സംഘത്തിലുള്ള മറ്റ് രണ്ടുപേർ പെഗ്ഗി വിറ്റ്സണും ജോൺ ഷോഫ്നറുമാണ്. യാത്രക്ക് തയാറെടുക്കാൻ പ്രത്യേക തീവ്രപരിശീലന പരിപാടിക്ക് വിധേയരായ സൗദി ബഹിരാകാശ യാത്രികരെ വാർത്തസമ്മേളനത്തിൽ പ്രത്യേകം പ്രശംസിച്ചു.
മികച്ച കഴിവുകളും അനുഭവപരിചയവും ഉയർന്ന ശാരീരികക്ഷമതയും മാനസിക വഴക്കവുമുള്ളവരാണിവർ. ബഹിരാകാശ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ഇത് അവരെ പ്രാപ്തരാക്കും. എൻജിനീയറിങ്, റോബോട്ടിക്സ്, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ ദൗത്യം ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന് ഒരു പുതിയ യുഗം തുറക്കുമെന്നും രണ്ട് ചരിത്രസംഭവങ്ങളുടെ നാഴികക്കല്ലാണെന്നും അവർ ചൂണ്ടിക്കാട്ടി.