ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ അനുമതി
നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പകര്‍ച്ചവ്യാധികള്‍, വര്‍ദ്ധിച്ചു വരുന്ന രോഗാതുരത, അതിവേഗം വര്‍ദ്ധിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങി പുതിയ കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ ഓരോ പൗരന്റെയും പങ്കാളിത്തം വളരെ വലുതാണ്. ഇത് മുന്നില്‍ കണ്ട് പൊതുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.