മൺചിത്രങ്ങൾ വരച്ച് ലോകറെക്കോർഡ്

 മൺചിത്രങ്ങൾ വരച്ച് ലോകറെക്കോർഡ്

ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൽ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്.

ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ലോകറെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. മണ്‍ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ നിര്‍വഹിച്ചു. വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രസിദ്ധമായ 106 സ്ഥലങ്ങളിൽ നിന്നും സമാഹരിച്ചാണ് മണ്‍ചിത്രചായക്കൂട്ട് ഒരുക്കിയത്. മണ്ണിന്റെ സഹജമായ നിറത്തിനോടൊപ്പം തന്നെ ചുവപ്പും മഞ്ഞയും വെളളയും കറുപ്പും നിറത്തിലുളള മണ്‍ചായങ്ങള്‍ നാടിന്റെ വൈവിദ്ധ്യത്തെ വിളിച്ചോതുന്നുതായിരുന്നു.