‘ആരവം 2023’ : രജിസ്ട്രേഷൻ മാർച്ച് 30 മുതൽ
തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയിലെ യുവാക്കൾക്കായി ജില്ലാ ഭരണകൂടം കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആരവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. കേന്ദ്രകായിക മന്ത്രാലയം, ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് കേരള ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും മത്സ്യഭവനിലും പേര് രജിസ്റ്റർ ചെയ്യണം. മാർച്ച് 30 മുതൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വയസ്, മത്സ്യത്തൊഴിലാളി കുടുംബത്തിലുൾപ്പെടുന്നുവെന്ന് തെളിയിക്കുന്ന രേഖ എന്നിവ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ ഇനത്തിനും പുരുഷ,വനിതാ ടീമുകൾ ഉണ്ടായിരിക്കും. സ്ക്രീനിംഗിന് ശേഷം മാത്രമായിരിക്കും ടീമുകളും തിയതിയും പ്രഖ്യാപിക്കുക. ആരവം 2023ന് മുന്നോടിയായി സൗഹൃദ പ്രദർശന ഫുട്ബോൾ മത്സരം വ്യാഴാഴ്ച (മാർച്ച് 30) നടക്കും. വൈകിട്ട് നാലിന് അടിമലത്തുറയിൽ, സ്പോർട്സ് കൗൺസിൽ ടീമും അടിമലത്തുറ ക്ലബ്ബ് അംഗങ്ങളും തമ്മിലാണ് സൗഹൃദ മത്സരം.