ബൊളെവാഡിൽ രാത്രി കാൽനട മാത്രം
ഖത്തറിൽ സന്ദർശകരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ മാറിയ ലുസൈൽ ബൊളെവാഡിൽ രാത്രികാലങ്ങളിൽ കാൽനടക്കാർക്ക് മാത്രം പ്രവേശനം. റമദാൻ പ്രമാണിച്ച് വൈകീട്ട് മഗ് രിബ് മുതൽ സുബ്ഹി നമസ്കാരസമയം വരെ കാൽനടക്കാർക്ക് മാത്രമായിരിക്കും ഇവിടെ പ്രവേശനമെന്ന് ഖത്തരി ദിയാർ അറിയിച്ചു. റമദാനിലെ രാത്രികളിൽ സന്ദർശകരുടെ തിരക്ക് പരിഗണിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.
മാർച്ച് 11 മുതൽ 21വരെ നീണ്ടുനിന്ന അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ ഭാഗമായി ലുസൈൽ ബൊളെവാഡിൽ 11 ദിവസം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ മേളയോടെ സജീവമായി മാറിയ ലുസൈൽ ബൊളെവാഡ് ഇത്തവണ റമദാനിലും സന്ദർശകരുടെ പ്രധാന ആകർഷണകേന്ദ്രമായി മാറിയിരിക്കുകയാണ്.