സ്വർണ വില കുറഞ്ഞേക്കും
സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഭേദപ്പെട്ട കുറവുണ്ടായി. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 1940-1945 ഡോളറാണ് വില. വില ഇടിയുന്നുണ്ടെങ്കിലും ചാഞ്ചാട്ടം തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസം 1980 ഡോളറിന് മുകളിലായിരുന്നു അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉണ്ടായിരുന്നത്. ഇതിലാണ് ഇന്ന് 40 ഡോളറോളം വ്യത്യാസം വന്നിരിക്കുന്നത്. ഈ നില തുടർന്നാൽ നാളെ സംസ്ഥാനത്ത് സ്വർണ വില കുറയുമെന്ന് സ്വർണ വ്യാപാര മേഖലയിലുള്ളവർ വ്യക്തമാക്കി.