ആദ്യ വിദേശഭാഷാ എഫ്.എം റേഡിയോ തുടങ്ങുന്നു
സൗദിയിലെ രാജ്യത്തെ ആദ്യ വിദേശഭാഷാ എഫ്.എം റേഡിയോ നിലയങ്ങൾ ജൂലൈ മുതൽ സംപ്രക്ഷേപണം ആരംഭിക്കും. ജിദ്ദയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ക്ലസ്റ്റർ അറേബ്യയാണ് പുതിയ എഫ്.എം റേഡിയോയുമായി രംഗത്തുവരുന്നത്. കാപിറ്റല്‍ റേഡിയോ നെറ്റ്വർക്ക് എന്ന ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിലിപ്പീൻസ് ഭാഷ തഗലോഗ് എന്നീ ഭാഷകളിലാണ് എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതെന്ന് കമ്പനി സാരഥികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പുതിയ എഫ്.എം റേഡിയോ സൗദിയിലെ താമസക്കാർക്കും രാജ്യത്തെ ഉംറ, ഹജ്ജ് തീർഥാടകർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധമാണ് ആരംഭിക്കുന്നത്. 24 മണിക്കൂറുമുള്ള റേഡിയോ പ്രക്ഷേപണത്തിൽ വാർത്താ അപ്ഡേറ്റുകൾക്ക് പുറമെ സംഗീതം, ശ്രോതാക്കളുമായുള്ള സംവേദനം, മറ്റു വിനോദപരിപാടികൾ, വിവിധ അറിയിപ്പുകള്, പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം തുടങ്ങിയവ ഉണ്ടാവും.
മലയാളം, ഹിന്ദി ഭാഷകൾക്കായി ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ ഇതിനകം ഫ്രീക്വൻസി ലഭിച്ചുകഴിഞ്ഞതായും ദമ്മാമിൽ ഉടൻ ഫ്രീക്വൻസി ലഭ്യമാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. മലയാളത്തിലുള്ള പരിപാടികള്‍ റിയാദില്‍ 101.7, ജിദ്ദയില്‍ 104.5 എന്നിങ്ങനെ ഫ്രീക്വൻസിയിലും റിയാദിലും ജിദ്ദയിലും ഹിന്ദി ഭാഷയിലുള്ള പ്രക്ഷേപണം 101.5 എന്ന ഫ്രീക്വൻസിയിലും ശ്രോതാക്കളിലെത്തും. ഇംഗ്ലീഷ്, തഗലോഗ് ഭാഷകളിലും ഉടനെ സംപ്രക്ഷേപണം ആരംഭിക്കും.
നാല് വർഷത്തെ പ്രവർത്തന ഫലമായി സൗദിയിലെ ആദ്യ വിദേശ ഭാഷാ എഫ്.എം റേഡിയോ നിലയത്തിന് സൗദി വാർത്താമന്ത്രാലയത്തില്നിന്നും അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ റഹീം പട്ടര്‍കടവന്‍ പറഞ്ഞു. നിലവിലുള്ള ഏതെങ്കിലും പ്രാദേശികമോ അന്തർദേശീയമോ ആയ മീഡിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലാതെ തികച്ചും സ്വതന്ത്രമായാണ് റേഡിയോ നിലയങ്ങൾ ആരംഭിക്കുന്നത്. ആദ്യ എഫ്.എം റേഡിയോ പദ്ധതിയിലൂടെ സൗദി വിഷന്‍ 2030ൽ നിർണായക പങ്ക് വഹിക്കാൻ സാധിച്ചതില്‍ സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരോടും രാജ്യത്തെ നിക്ഷേപ, വാണിജ്യ, മാധ്യമ മന്ത്രാലയങ്ങളോടും റഹീം പട്ടർകടവന്‍ നന്ദി അറിയിച്ചു.