ഖുർആനിക് പാർക്ക്
റമദാന്റെ വിശുദ്ധി ചോരാതെ വിനോദ സഞ്ചാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ ഇടമാണ് ദുബൈയിലെ ഖുർആനിക് പാർക്ക്. കുടുംബ സമേതം ഒരുമിച്ച് കൂടാനും നോമ്പുതുറക്കാനും കാഴ്ചകൾ കാണാനും ഇസ്ലാമിനെ കുറിച്ചറിയാനും ഖുർആൻ വചനങ്ങൾ കേൾക്കാനുമുള്ള വേദി കൂടിയാണിത്. സദാസമയം ഖുർആൻ വചനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ മനസിന് ശാന്തിയേകാനും ആത്മീയ ചിന്തകളിൽ മുഴുകാനും അവസരമൊരുക്കുന്ന ശാന്തസുന്ദരമായ സ്ഥലം. വൈകുന്നേരങ്ങളിൽ കുടുംബ സമേതം ഭക്ഷണവുമായെത്തി നോമ്പുതുറന്ന് മടങ്ങുന്നവരും കുറവല്ല.
ഖുർആന്റെ സന്ദേശം ലോകത്തിന് പകർന്ന് നൽകാൻ ആരംഭിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ് ഖുർആനിക് പാർക്ക്. ഖവാനീജിലെ 60 ഹെക്ടറിൽ 2019 മാർച്ചിലാണ് പാർക്ക് തുറന്നത്. എല്ലാ മതത്തിലുമുള്ളവർ എത്തുന്നു എന്നതാണ് പ്രത്യേകത. ഇതര മതസ്ഥർക്ക് ഇസ്ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും കൂടുതൽ അറിയാൻ പാർക്ക് സഹായിക്കും. പ്രവാചക ചരിതം പറയുന്ന ഗുഹ, ഖുർആനിലെ സസ്യങ്ങൾ പരിചയപ്പെടുത്തുന്ന ഗ്ലാസ് ഹൗസ് തുടങ്ങിയവ ഇവിടെ കാണാം. മനുഷ്യരെ ദൈവാനുഗ്രഹങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന വചനങ്ങൾ സദാസമയം ഇവിടെ മുഴങ്ങിക്കൊണ്ടിരിക്കും. ഖുർആനെ കുറിച്ച് ഗവേഷണം നടത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ് ഖുർആനിക് പാർക്ക്. പ്രവേശനം സൗജന്യമാണ്. എന്നാൽ, പാർക്കിനുള്ളിലെ ഗ്ലാസ് ഹൗസിലും ഗുഹയിലും പ്രവേശിക്കണമെങ്കിൽ അഞ്ച് ദിർഹം വീതം നൽകണം. ആർ.ടി.എയുടെ നോൾകാർഡ് ഉപയോഗിച്ചും പണം അടക്കാം. രാത്രി ഒമ്പത് വരെയാണ് പ്രവർത്തനം. ആദ്യ വർഷം മാത്രം 10 ലക്ഷം പേർ ഇവിടെയെത്തി.