വിദേശത്തു നിന്ന് മരുന്നുകൊണ്ടുവരാൻ ഇ-പെർമിറ്റ് സൗകര്യം
വിദേശത്തു നിന്ന് വ്യക്തിപരമായ ആവശ്യത്തിന് മരുന്നുകൊണ്ടുവരുന്നതിന് ഇലക്ട്രോണിക് പെർമിറ്റുകൾ നൽകുന്ന സംവിധാനത്തിന് തുടക്കമായി. യു.എ.ഇ രോഗപ്രതിരോധ, ആരോഗ്യ മന്ത്രാലയമാണ് പ്രവാസികൾക്ക് അടക്കം സൗകര്യപ്രദമാകുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഇ-പെർമിറ്റ് അനുവദിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇ-പെർമിറ്റുകൾ എടുക്കാതെ വരുന്ന യാത്രക്കാരുടെയും താമസക്കാരുടെയും മരുന്നുകളും ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടതായി വരും. സംശയകരമായ മരുന്നുകളാണെങ്കിൽ ചിലപ്പോൾ തടഞ്ഞുവെക്കുകയും ചെയ്യും. ഈ സാഹചര്യമൊഴിവാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം.
രണ്ട് സേവനങ്ങളും ലഭ്യമാകാൻ മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ലോഗിൻ ചെയ്യണം. തുടർന്ന് സേവന വിഭാഗത്തിൽ ഇ-പെന്റമിറ്റ് എന്ന കാറ്റഗറി കാണാനാകും. ഇതിൽ ഉപഭോക്താക്കൾ ആവശ്യമായ ഡേറ്റ നൽകുകയും ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുകയും ഇലക്ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുകയും വേണം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ ഇ-പെർമിറ്റ് ലഭിക്കും. മന്ത്രാലയത്തിന്റെ സേവന നിബന്ധനകൾ അനുസരിച്ച് രാജ്യത്തേക്ക് വരുന്നവർക്ക് ആറ് മാസംവരെ വ്യക്തിഗത ഉപയോഗത്തിന് ആവശ്യമായ മരുന്നുകൊണ്ടുവരാൻ അനുവാദമുണ്ട്.