ബീച്ച് ഗെയിംസിന് തുടക്കം
മാർച്ച് 17വരെ നീളുന്ന ഖത്തർ ഒളിമ്പിക് കമ്മിറ്റി ബീച്ച് ഗെയിംസിന് കതാറ കൾചറൽ വില്ലേജിൽ തുടക്കമായി. കടൽ വിനോദ കായിക മത്സരങ്ങളുടെ മൂന്നാം പതിപ്പിനാണ് ദോഹ വേദിയാവുന്നത്. ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ത്രീ ത്രീ ബീച്ച് ബാസ്കറ്റ്ബാൾ, ബോക്സിങ്, കരാട്ടേ, നീന്തൽ ഉൾപ്പെടെ വിവിധ മത്സരങ്ങളിലായി 800ഓളം പേർ പങ്കാളികളാകും.
വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി അഞ്ച് ലക്ഷം റിയാലാണ് സമ്മാനത്തുക. ഖത്തറിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് ഗെയിംസിൽ മാറ്റുരക്കുന്നത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം റാഷിദ് അല ബുഐനാൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്തോനേഷ്യ അംബാസഡർ റിദ്വാൻ ഹസൻ, കതാറ കൾചറൽ വില്ലേജ് ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ആദ്യദിനത്തിൽ ബീച്ച് ഫുട്ബാൾ, വോളിബാൾ, ബോക്സിങ് മത്സരങ്ങൾ അരങ്ങേറി.