മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

 മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

17-ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക. അഞ്ചു ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രി അക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്.പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല.

ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് കോടതികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്. കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് ഡോക്ടര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന സുപ്രധാന ആവശ്യം. ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവനും വാർത്താസമ്മളെനത്തിൽ പങ്കെടുത്തു.