ഒമ്പതാമത് ഷെയ്ഖ് ഹമദ് അവാർഡ് നാമനിർദേശം ആരംഭിച്ചു
വിവർത്തനത്തിനും അന്താരാഷ്ട്ര ധാരണക്കുമുള്ള ഒമ്പതാമത് ഷെയ്ഖ് ഹമദ് അവാർഡുകൾക്കായുള്ള നാമനിർദേശ പ്രക്രിയ ആരംഭിച്ചു. 2015ൽ സ്ഥാപിതമായ അവാർഡ്, വിവിധ ഭാഷകളിൽ നിന്നും അറബിയിലേക്കും തിരിച്ചുമുള്ള വിവർത്തനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ അന്താരാഷ്ട്ര അവാർഡായി മാറുകയാണ് ലക്ഷ്യമെന്ന് അവാർഡിന്റെ ഔദ്യോഗിക വക്താവും മാധ്യമ ഉപദേഷ്ടാവുമായ ഡോ. ഹനാൻ അൽ ഫയാദ് ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
അറബിയിൽ നിന്നും വിവിധ ഭാഷകളിലേക്കും തിരിച്ച് അറബിയിലേക്കും വിവർത്തനം പ്രോത്സാഹിപ്പിക്കാൻ ഈ അവാർഡിന് സാധിച്ചിട്ടുണ്ടെന്നും ഡോ. അൽ ഫയാദ് കൂട്ടിച്ചേർത്തു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവർത്തന മേഖലയിൽ കൈവരിച്ച നേട്ടങ്ങളെയും ദീർഘകാല ശ്രമങ്ങളെയും ആദരിക്കുകയാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ സൂചിപ്പിച്ചു. ബൾഗേറിയൻ, സിന്ധി, സോമാലി എന്നീ ഭാഷകൾ ഈ വർഷത്തെ അച്ചീവ്മെന്റ് അവാർഡ് വിഭാഗത്തിൽ ഉപഭാഷകളായി (രണ്ട് പ്രധാനഭാഷകൾക്കൊപ്പം) തെരഞ്ഞെടുത്തു. ഈ ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്ന് അറബിയിലേക്കുള്ള വിവർത്തന ശ്രമങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഈ രാജ്യങ്ങളിലെ സമൂഹങ്ങൾക്കിടയിൽ പൊതുവെ അറബ് സമൂഹങ്ങൾക്കുമിടയിൽ സംസ്കാരത്തിന്റെ തുടർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. വിവിധ വിഭാഗങ്ങളിലായി 20 ലക്ഷം ഡോളറായിരിക്കും സമ്മാനത്തുക.