വനിതാ ഡോക്ടർമാർക്കുള്ള സ്വയം പ്രതിരോധ പരിശീലനവുമായി കെജിഎംസിടിഎ
കേരളത്തിൽ പുരുഷ ഡോക്ടർമാരെക്കൂടാതെ വനിതാ ഡോക്ടർമാർക്കുമെതിരെയും അതിക്രമം വർദ്ധിച്ച് വരുകയും, പോലീസ് ഉൾപ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധ പരിശീലനം നേടാൻ വനിതാ ഡോക്ടർമാരും രംഗത്ത്. വനിതാ ഡോക്ടർമാർക്കെതിരെയുള്ള മാനസികമായും ശാരീരികമായും ഉള്ള ആക്രമങ്ങളും വളരെ കൂടുതലായി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരിശീന പരിപാടി സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നൽകുന്നത്. ഈയടുത്ത കാലത്ത് രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ന്യൂറോസർജനെ ശാരീരികമായി ആക്രമിച്ച സംഭവത്തിൽ പോലും കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിച്ച നിസഹകരണം കണ്ടതാണ്.
ഡോക്ടർമാർക്ക് സ്വയം പ്രതിരോധിക്കാൻ പരിശീലനം ആവശ്യമായ സാഹചര്യത്തിൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കായി സ്വയ സുരക്ഷയ്ക്കുള്ള രീതികളെ പറ്റിയുള്ള പരിശീലന പരിപാടി ആരംഭിക്കുന്നു. കേരള പോലീസിന്റെയും, കേരള സ്പോർട്സ് കൗൺസിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദ് ആണ് ഡോക്ടർമാർക്ക് പ്രതിരോധ പരിശീലനം നൽകുന്നത്.
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വൈകുന്നേരം 5 മണിക്ക് മെഡിക്കൽ കോളേജിലെ എംഡിആർഎൽ ഹാളിൽ വെച്ച് പരിശീലന പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും. കെജിഎംസിറ്റിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം ഉദ്ഘാടനം നിർവഹിക്കും. രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലേക്കും വ്യാപിപ്പിക്കും.
പരിശീലന പരിപാടിയിലേക്ക് മെഡിക്കൽ കോളേജിലെ എല്ലാ ഡോക്ടർമാരെയും പിജി വിദ്യാർഥികളെയും ഹൗസ് സർജന്മാരെയും പങ്കെടുക്കണമെന്ന് കെജിഎംസിറ്റിഎ തിരുവനന്തപുരം പ്രസിഡൻറ് ഡോ. ആർ സി ശ്രീകുമാറും പ്രസിഡന്റ് ഡോ. കലേഷ് സദാശിവനും അറിയിച്ചു.