കോളിഫ്ളവര്‍ കഴിക്കുന്നവര്‍ അറിയാതെ പോകരുത് ഈ അപകടം
കോളിഫ്ളവര്‍ നമ്മുടെ വയറിനും കുടലുകള്‍ക്കും വരുത്തുന്ന അസ്വസ്ഥതയാണ്. കാബേജ്, ബ്രക്കോളി, ബ്രസല്‍സ് സ്പ്രൗട്സ് തുടങ്ങിയവ ഉൾപ്പെടുന്ന ബ്രാസികേസി കുടുംബത്തിലുള്ളതാണ് കോളിഫ്ളവര്‍. ക്രൂസിഫെറസ് വെജിറ്റബിള്‍സ് എന്ന് പൊതുവേ അറിയപ്പെടുന്ന ഇവ ഫോളേറ്റ്, വൈറ്റമിന്‍ കെ, ഫൈബര്‍ തുടങ്ങിയ പോഷണങ്ങള്‍ ധാരാളം അടങ്ങിയതാണ്. എന്നാല്‍ ഇവ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു വഴി വയ്ക്കുന്നു. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരമാണ്; പ്രത്യേകിച്ച് പച്ചയ്ക്ക് കഴിക്കുമ്പോള്‍. ഇതാണ് വയറ്റില്‍ ഗ്യാസ് രൂപീകരണത്തിന് കാരണമാകുന്നത്.ക്രൂസിഫെറസ് പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന റാഫിനോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് രൂപത്തെ ദഹിപ്പിക്കാന്‍ കഴിയുന്ന രസങ്ങളൊന്നും മനുഷ്യശരീരത്തില്‍ ഇല്ല. അതിനാല്‍ ഇവ കഴിക്കുമ്പോള്‍ റാഫിനോസ് ദഹിക്കാതെ ചെറുകുടലില്‍നിന്ന് വന്‍കുടലിലേക്ക് എത്തും. ഇവിടെ വച്ച് ബാക്ടീരിയ അതിനെ പുളിപ്പിക്കാന്‍ ശ്രമിക്കും.
ഇതാണ് അമിതമായ ഗ്യാസിന് കാരണമാകുന്നത്.കോളിഫ്ളവറില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനോലേറ്റ്സ് എന്ന രാസവസ്തുക്കളും പ്രശ്നമുണ്ടാക്കും. സള്‍ഫര്‍ അടങ്ങിയ അവ വയറില്‍ വച്ച് വിഘടിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാകുന്നു. ദുര്‍ഗന്ധമുള്ള കീഴ്ശ്വാസമാണ് ഫലം.ഇക്കാരണങ്ങള്‍ കൊണ്ട് കോളിഫ്ളവറിനെ ഭക്ഷണത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയൊന്നും വേണ്ട. 30 ശതമാനം അധികം പ്രോട്ടീനും വിവിധ ആന്റി ഓക്സിഡന്റുകളും അടങ്ങിയ കോളിഫ്ളവര്‍ ഗുണമുള്ളതു തന്നെയാണ്. പക്ഷേ, അമിതമായാല്‍ ദഹനസംവിധാനത്തിന്റെ താളം തെറ്റുമെന്ന് മാത്രം. ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ എപ്പോഴും പാകം ചെയ്തു മാത്രം കോളിഫ്ളവര്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. കോളിഫ്ളവര്‍ വെള്ളത്തിലിട്ട് അധിക നേരം തിളപ്പിക്കുന്നത് അതിലെ ആന്റി ഓക്സിഡന്റുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നതും ഓര്മ വേണം.