രോഗപ്രതിരോധത്തിന് ശീലമാക്കാം നീലച്ചായ
ഗ്രീൻ ടീയും കട്ടൻ ചായയും എല്ലാം നാം സാധാരണ കുടിക്കുന്നതാണ് എന്നാൽ നീലച്ചായയോ? രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ബ്ലൂ ടീ. എന്താണ് നീലച്ചായ എന്നറിയാം.നീല ശംഖു പുഷ്‌പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. നീലച്ചായയ്ക്ക് പർപ്പിൾ നിറം വേണമെങ്കിൽ അല്പ്പം ചെറു നാരങ്ങാ നീരും ചേർക്കാം.
ഗ്രീൻ ടീയെക്കാൾ വളരെയധികം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതാണ് നീലച്ചായ. പ്രായമാകലിനെ തടയാനും നീലച്ചായയ്ക്കു കഴിവുണ്ട്. സമ്മർദമകറ്റാനും നീലച്ചായ സഹായിക്കും. മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് ബ്ലൂ ടീ.ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ടൈപ്പ് 1 പ്രമേഹം തടയാനുള്ള കഴിവും നീലച്ചായയ്ക്കുണ്ട്.ഇതിലടങ്ങിയ പോളിഫിനോളുകൾ, ശരീരത്തിലെ ഗ്ലുക്കോസിന്റെ ഉപാപചയ പ്രവർത്തനം നിയന്ത്രിക്കുന്നു.
കരളിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുക വഴി ഫാറ്റി ലിവർ പ്രശ്നങ്ങൾ തടയാനും നീലച്ചായ സഹായിക്കുന്നു.ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി രോഗപ്രതിരോധശക്തിയേകുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുന്നു. രക്തചംക്രമണം വർധിപ്പിച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് നാരങ്ങാ നീരും ചേർത്താൽ ബ്ലൂ ടീ റെഡിയായി. പിന്നെ മധുരത്തിന് തേൻ ചേർക്കാം. അതുമല്ലെങ്കിൽ അല്പം പഞ്ചസാര ചേർക്കാം.നീലച്ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യുന്നതിനെ തടയും. അതുകൊണ്ട് ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപോ ശേഷമോ വേണം ബ്ലൂ ടീ കുടിക്കുവാൻ. ലോഹപ്പാത്രങ്ങൾ ഒഴിവാക്കി മൺപാത്രങ്ങളിൽ കുടിക്കുന്നത് ഗുണങ്ങൾ വർധിപ്പിക്കും.