അന്താരാഷ്ട്ര പുസ്തകമേള ഇന്ന് സമാപിക്കും
ഡിജിറ്റൽ കാലത്തും അച്ചടി പുസ്തകങ്ങളെ കൈവിടാതെ വായന പ്രേമികൾ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ ജനപങ്കാളിത്തം ഇതിന് വലിയ തെളിവാണ്. ദിനംപ്രതി അമ്പതിനായിരത്തിന് മുകളിലാണ് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തേടി ഇവിടെ വായനക്കാർ എത്തുന്നത്. ലോക ക്ലാസിക്കുകൾ, നോവലുകൾ, ബാലസാഹിത്യങ്ങൾ, ശാസ്ത്രം തുടങ്ങി എല്ലാ വിധ വിഷയങ്ങളും അന്വേഷിച്ച് വായനക്കാർ മേളയിൽ എത്തുന്നുണ്ട്.
വായനക്കാർക്ക് മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഓരോ പവിലിയനിലും ലഭ്യമാണ്. സമാപനദിവസമായ ഇന്ന് കൂടുതൽ ആളുകൾ നഗരിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പുസ്തകമേളയുടെ ഭാഗമായി നടക്കുന്ന സാമൂഹിക-സാംസ്കാരിക പരിപാടികൾക്കും മികച്ച പ്രതികരമാണ് ലഭിക്കുന്നത്. വിദഗ്ധരടങ്ങുന്ന പാനലുകളാണ് ഇത്തരം പരിപാടികൾക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ അതത് വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് പ്രേക്ഷകന് ലഭ്യമാകുകയും ചെയ്യുന്നുണ്ട്. നിരവധി പുതിയ പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടന്നു. 32 രാജ്യങ്ങളിൽ നിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.