ഈ വർഷം ബഹിരാകാശത്തേക്ക് രണ്ട് അറബികൾകൂടി
സുൽത്താൻ അൽ നിയാദിക്ക് പിന്നാലെ അറബ് ലോകത്തു നിന്ന് രണ്ട് ബഹിരാകാശ യാത്രികർകൂടി ഈ വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. സൗദി അറേബ്യയിൽ നിന്നാണ് രണ്ടുപേർ ഇതിനായി പരിശീലനം തുടങ്ങിയിട്ടുള്ളത്. അലി അൽ ഖർനി, റയ്യാന ബർനാവി എന്നിവരാണിത്. റയ്യാനയുടെ ദൗത്യം വിജയിച്ചാൽ ആദ്യ അറബ് ബഹിരാകാശ യാത്രികയാകും ഇവർ. ഇരുവരും ഒരാഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രണ്ടുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയാൽ ചരിത്രത്തിൽ ആദ്യമായി മൂന്ന് അറബ് വംശജർ ഒരുമിച്ച് ബഹിരാകാശ നിലയത്തിലെത്തിയ റെക്കോഡ് പിറക്കും. ഈ വർഷം രണ്ടാംപാതിയിലാണ് ഇരുവരുടെയും യാത്ര പ്രതീക്ഷിക്കുന്നത്. വൈകിയില്ലെങ്കിൽ ഇവരെ സ്വീകരിക്കാൻ അൽ നിയാദി ബഹിരാകാശ നിലയത്തിലുണ്ടാകും. നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, റേസ് കാർ ഡ്രൈവറും നിക്ഷേപകനുമായ ജോൺ ഷോഫ്നർ എന്നിവർക്കൊപ്പമാണ് ഇവരുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകംതന്നെയാണ് ഇവരെയും ബഹിരാകാശത്ത് എത്തിക്കുക.
ചരിത്രത്തിൽ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത് അറബ് വംശജൻ സൗദി പൗരനായ സുൽത്താൻ ബിൻ സൽമാൻ ആൽ സഊദ് എന്ന സീദി രാജകുടുംബാംഗമാണ്. 1985ലാണ് ഈ യാത്ര നടന്നത്. നക്ഷത്രം എന്നർഥമുള്ള ‘നജ്മ്’ എന്ന അറബി പദവും ബഹിരാകാശ സഞ്ചാരികൾ എന്നർഥമുള്ള ‘അസ്ട്രോനട്’ എന്ന ഇംഗ്ലീഷ് പദവും ചേർത്ത ‘നജ്മോനട്ട്’ എന്ന പേരിലാണ് അറബ് ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്. ഇതുവരെ നാലുപേരാണ് ‘നജ്മോനട്ടു’കളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.