വേനലിൽ കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
ചൂട് കൂടുന്ന മണിക്കൂറുകളിൽ പുറത്ത് അധികസമയം ചെലവിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. അതുപോലെ തന്നെ ഡയറ്റിൽ ചിലത് കൂടി ശ്രദ്ധിക്കുന്നത് ഉചിതമാണ്. ഇത്തരത്തിൽ ഡയറ്റിൽ എങ്ങനെയെല്ലാം കരുതലെടുക്കാമെന്നതാണ് ഇനി വിശദമാക്കുന്നത്. വേനലിൽ നോൺ-വെജ് അധികമായി കഴിക്കുന്നത് വീണ്ടും ശരീരത്തിലെ താപനില ഉയർത്തുകയും ഇത് അനുബന്ധപ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പല അസുഖങ്ങളുടെയും ബുദ്ധിമുട്ടുകൾ വർധിപ്പിക്കാനും ഇത് ഇടയാക്കും.
നോൺ-വെജ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിലുൾപ്പെടുത്തുകയും വേണം. ഇവ ശരീരത്തിൻറെ താപനില ക്രമീകരിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ നിർജലീകരണം (ഡീഹൈഡ്രേഷൻ അഥവാ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ) ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. വെള്ളം കുടിക്കുന്നതിന് പുറമെ ‘ഇലക്ട്രോലൈറ്റുകൾ’ കൂടുതലായി അടങ്ങിയ പാനീയങ്ങളും വേനലിൽ കൂടുതലായി കഴിക്കുക.