ജി20 ഉച്ചകോടി ഇന്ന്
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 വിദേശമന്ത്രി ഉച്ചകോടി ഇന്ന് നടക്കും. പങ്കെടുക്കുന്ന വിദേശമന്ത്രിമാർ ബുധനാഴ്ച എത്തിത്തുടങ്ങി. ഇന്നാണ് പ്രധാന ചർച്ചകൾ നടക്കുക. ജി20 അംഗരാജ്യങ്ങളിലെയും അധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തുന്ന രാജ്യങ്ങളിലെയുമടക്കം 40 ഓളം വിദേശമന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ പൊതുധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കെ, ഫലം മുൻ കൂട്ടി പറയാനാവില്ലെന്ന അഭിപ്രായവുമായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര. യുക്രെയ്ൻ പ്രതിസന്ധി ഉച്ചകോടിയിൽ പ്രധാന ചർച്ചയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചത്തലത്തിൽ റഷ്യ-ചൈന കൂട്ടുകെട്ട് ഒരുഭാഗത്തും യു.എസ്-പാശ്ചാത്യരാജ്യങ്ങൾ മറുഭാഗത്തും നിലയുറപ്പിക്കുന്നതിനാൽ ജി20 വിദേശമന്ത്രി ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ പൊതുധാരണ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേക്കുറിച്ച് ഒന്നും പറയാൻ തയാറാവാതിരുന്ന ക്വത്ര ആഗോള സാഹചര്യത്തിൽ പ്രസക്തമായ എല്ലാ വിഷയങ്ങളും ചർച്ചക്ക് വരുമെന്ന് വ്യക്തമാക്കി.