താലിപ്പരുന്തിന് (ഓസ്പ്രെ പക്ഷി) കൂടൊരുക്കി
ദേശാടന പക്ഷിയായി ഖത്തറിന്റെ തീരങ്ങളിലും പറന്നെത്തുന്ന താലിപ്പരുന്തിന് (ഓസ്പ്രെ പക്ഷി) കൂടൊരുക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കടലും കലയും ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ തീരങ്ങളിൽ തമ്പടിക്കുന്ന താലിപ്പരുന്തുകൾക്ക് പ്രജനനത്തിനുള്ള കൂടുകളാണ് കൃത്രിമമായി നിർമിച്ചത്. ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് അന്യനാടുകളിൽനിന്ന് പറന്നെത്തുന്ന ഈ വിരുന്നുകാരന് കൂടൊരുക്കുന്നത്. ‘നമ്മുടെ ഭൂമി, നമ്മുടെ പൈതൃകം’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ പരിസ്ഥിതിദിനമായ ഫെബ്രുവരി 26 ആചരിച്ചത്.
ദോഹയിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ച്, പേൾ ഖത്തറിൽനിന്നും നോക്കിയാൽ കാണുന്ന അൽ ആലിയ ദ്വീപിലാണ് മന്ത്രാലയം കൂടൊരുക്കിയത്. ദേശാടന പക്ഷികളുടെ പ്രജനന സീസൺ കൂടിയായതിനാൽ, ഉയരങ്ങളിൽ കൂടുകെട്ടുന്ന ഇവക്ക് ഖത്തർ തീരങ്ങളിൽ പ്രജനനം സാധ്യമാവാറില്ല. സ്വാഭാവിക കൂടുകെട്ടാൻ സമയമെടുക്കും എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം കൃത്രിമ കൂടുകൾ സജ്ജമാക്കിയത്.
ദേശാടനപ്പക്ഷിയായ താലിപ്പരുന്ത് അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപെടുന്നു. ശാസ്ത്രനാമം പാൻഡിയോൻ ഹാലിയേറ്റസ് (Pandion haliaetus). കടലിലും കായലിലും വലിയ ജലാശയങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഇംഗ്ലീഷിൽ Sea Hawk എന്നും Fish Eagle എന്നും അറിയപ്പെടുന്നു. അന്റാർട്ടിക്കയിലും വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളുമൊഴികെ ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും താലിപ്പരുന്തിനെ കാണാം. മത്സ്യങ്ങളെ കൂടുതലായും ഭക്ഷണമാക്കുന്നതുകൊണ്ട് മീൻപിടിയൻപരുന്ത് എന്നും അറിയപ്പെടുന്നു.