ക്ഷേത്രത്തിൽ തിടമ്പേറ്റിയത് റോബോട്ടിക് കൊമ്പൻ

 ക്ഷേത്രത്തിൽ തിടമ്പേറ്റിയത് റോബോട്ടിക് കൊമ്പൻ

തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പേറ്റി യന്ത്ര ആന. ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത ഒരു റോബോട്ടിക് ആനയാണ് തിടമ്പേറ്റിയത്. കേരത്തിൽ തന്നെ ഇതാദ്യമായാണ് വൈദ്യുതയിൽ പ്രവർത്തിക്കുന്ന ഒരു കൊമ്പൻ ഉത്സവത്തിന് തിടമ്പേറ്റുന്നത്. പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ ഉയരം. 800 കിലോ ഭാരം. നാലുപേരെ പുറത്തേറ്റാൻ കഴിയും. അഞ്ചു ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്സ് ക്രിയേഷൻസിലെ ശിൽപികളായ പി പ്രശാന്ത്, കെ.എം ജിനേഷ്, എം.ആർ റോബിൻ, സാന്റോ ജോസ് എന്നിവരാണ് 2 മാസം കൊണ്ട് ആനയെ നിർമ്മിച്ചത്.

വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലുമെല്ലാം പ്രവർത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അഞ്ചു മോട്ടോറുകൾ ഉപയോഗിച്ചാണ് റോബോർട്ട് ആനയെ ചലിപ്പിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് നിർമാണം. പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിനായി സമർപ്പിച്ചത്. ക്ഷേത്രങ്ങളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്.