ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ
രാജ്യത്തെ ആദ്യ ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ ഒരുങ്ങുന്നു. ഫയർ സയൻസ് വിഷയങ്ങളിൽ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ നൽകുക. തുടർന്ന് സ്ഥാപനത്തിനെ അഗ്നിരക്ഷാ റീജനല്‍ അക്കാദമി കം റിസർച് സെന്ററായി ഉയർത്തും. ബി.എസ് സി ബിരുദം പൂർത്തിയാക്കിയവർക്ക് ഫയർ സയൻസിൽ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. നിലവിൽ ഫയർ ആൻഡ് സേഫ്റ്റിയിൽ ബി.ടെക് കോഴ്സുകളാണ് കുസാറ്റ് അടക്കമുള്ള രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്ന് നൽകുന്നത്.
ഫയർ സയൻസിൽ ബിരുദാനന്തര ബിരുദ പഠനം നൽകുന്ന രാജ്യത്തെത്തന്നെ ആദ്യ സ്ഥാപനമാണ് ചക്കരക്കല്ല് പൊലീസ് സ്റ്റേഷന് പരിധിയിലെ മുഴപ്പാലയില്‍ പൊലീസിന്റെ അധീനതയിലുള്ള നാലേക്കറിലധികം വരുന്ന സ്ഥലത്ത് തുടങ്ങുന്നത്. 2021ലാണ് ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമാകുന്നത്. തുടർന്ന് അന്നത്തെ ഫയര്‍ഫോഴ്സ് ഡി.ജി.പിയായിരുന്ന ബി. സന്ധ്യയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസിന് കീഴിലുള്ള സ്ഥലം ഫയർഫോഴ്സിന് വിട്ടുനൽകി ഈ ഫെബ്രുവരി 15ന് ഉത്തരവായി. ഇൻസ്റ്റിറ്റ്യൂട്ടിന് കെട്ടിട നിർമാണത്തിനടക്കം ഒരു കോടി സർക്കാർ ഈ ബജറ്റിൽ നീക്കിവെച്ചിരുന്നു.