ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മാർച്ച് 7 നാണ് പൊങ്കാല. അനന്തപുരിയുടെ എല്ലാ വഴികളും ഇനി പത്തുനാൾ ആറ്റുകാലിലേക്ക്. രാവിലെ 10.30 ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും, സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും.
ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്ന് 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഇത്തവണ 10-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ് കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച് ഏഴിന് രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന് രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
രണ്ടു വർഷ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാൻ പറ്റുന്ന ഇത്തവണ 50 ലക്ഷം പേരെ പ്രതീക്ഷിക്കുന്നു 800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡിസിപി അജിത് വി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.
ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോള്‍ റൂമും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും ഏര്‍പ്പെടുത്തും. പൊങ്കാലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ശുചിത്വമിഷനും കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി ഉറപ്പാക്കും. 27 മുതല്‍ കെഎസ്ആര്‍ടിസി പത്ത് വീതം ദീര്‍ഘ, ഹ്രസ്വ ദൂര സര്‍വ്വീസുകളും ഇലക്ട്രിക് ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകള്‍ സര്‍വീസ് നടത്തും. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി 1270 താല്‍കാലിക ടാപ്പുകള്‍ സജ്ജീകരിക്കും.