ആറായിരം കിലോ റോസാപ്പൂക്കൾ; പ്രിയങ്കക്ക് ഊഷ്മള വരവേൽപ്പ്
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ റായ്പൂരിൽ വരവേറ്റത് റോസ് കാർപെറ്റ്. പ്രിയങ്ക വേദിയിലേക്കെത്തുന്ന സിറ്റി എയർപോർട്ടിന് മുന്നിലുള്ള റോഡിന്റെ ഒരു വശത്തുകൂടിയാണ് പ്രിയങ്ക ഗാന്ധിക്കായി റോസ് വിരിച്ച പാതയുണ്ടാക്കിയത്. കോൺഗ്രസിന്റെ 85ാം പ്ലീനറി സെഷനിൽ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി റായ്പൂരിലെത്തിയത്.
റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോഗിച്ചിട്ടുള്ളത്. രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്. രാവിലെ 8.30ഓടെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തിയ പ്രിയങ്കാ ഗാന്ധിയെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും, കോൺഗ്രസ് അധ്യക്ഷൻ മോഹൻ മർക്കവും ചേർന്നാണ് സ്വീകരിച്ചത്. കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും സ്വീകരിച്ചു. കാറിന് മുകളിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് പ്രിയങ്ക വേദിയിലേക്കെത്തിയത്.