റോസ് വാട്ടർ വീട്ടിലുണ്ടാക്കാം, മിനിറ്റുകൾ മതി
സൗന്ദര്യ സംരക്ഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ടോണിങ്. അഴുക്കുകളെ നീക്കി ചർമം സുന്ദരമാകാൻ ടോൺ ചെയ്യണം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഇത് സഹായിക്കും. ഏറ്റവും മികച്ച പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. സൗന്ദര്യസംരക്ഷണത്തിൽ റോസ് വാട്ടറിനുള്ള സ്ഥാനം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?
എന്നാൽ മിക്കവരും റോസ് വാട്ടർ വാങ്ങുകയാണ് ചെയ്യുന്നത്. റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ എളുപ്പത്തിൽ തയാറാക്കാം. പണച്ചെലവ് ഇല്ല എന്നതുമാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ജൈവ രീതിയിൽ കൃഷി ചെയ്തതോ വീട്ടില്‍ വളർത്തുന്നതോ ആയ 3 റോസാപ്പൂക്കൾ എടുക്കുക. ഇതിന്റെ ഇതളുകൾ വേർപ്പെടുത്തിയെടുത്ത് നന്നായി കഴുകിയെടുക്കാം. ഇതളുകൾ ഒരു സ്റ്റീൽ പാത്രത്തിലിട്ട് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് 10 മിനിറ്റ് നന്നായി ചൂടാക്കുക.തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ അനുവദിക്കുക. ഇതളുകള്‍ മാറ്റിയശേഷം ദ്രാവകം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ബാക്കിയുള്ളത് മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.