3500 വർഷം പഴക്കമുള്ള കരടിയുടെ ശരീരം കണ്ടെത്തി
സൈബീരിയയിലെ തണുത്തുറഞ്ഞ കാട്ടുപ്രദേശത്തു നിന്നും 3500 വർഷം പഴക്കമുള്ള കരടിയുടെ ശരീരം കണ്ടെത്തി. മോസ്കോയിൽ നിന്ന് 4,600 കിലോമീറ്റർ അകലെയുള്ള ന്യൂ സൈബീരിയൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോൾഷോയ് ലിയാകോവ്സ്കി ദ്വീപിലെ പെർമാഫ്രോസ്റ്റിലാണ് കരടിയുടെ ശരീരം കണ്ടെത്തിയത്.
യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലാത്ത ശരീരം റെയിൻഡിയർ ഇടയന്മാരാണ് ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഗവേഷകർ എത്തി വിശദമായ പരിശോധന നടത്തി. പരിശോധനയിലാണ് 3500 വർഷത്തിലേറെ പഴക്കമുള്ള കരടിയുടെ ശവശരീരമാണ് ഇതെന്ന് കണ്ടെത്തിയത്. യാകുത്സ്കിലെ നോർത്ത്-ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ ലസാരെവ് മാമോത്ത് മ്യൂസിയം ലബോറട്ടറിയിലെ ഗവേഷകർ ആണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ഈ കണ്ടത്തൽ ഏറെ കൗതുകകരമാണെന്നും തവിട്ട് നിറത്തിലുള്ള കരടിയെ ആണ് കണ്ടെത്തിയതെന്നും ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന മാക്സിം ചെപ്രസോവ് അറിയിച്ചു.
ബോൾഷോയ് എതറിക്കൻ നദിക്ക് സമീപത്തായി കണ്ടെത്തിയതിനാൽ എതറിക്കൻ ബ്രൗൺ ബിയർ എന്നാണ് ഇതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഈ പ്രദേശത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണ് കരടിയുടെ ശരീരത്തിന് ഇതുവരെയും യാതൊരുവിധ കേടുപാടും സംഭവിക്കാതിരുന്നതെന്ന് ഗവേഷകർ പറഞ്ഞു. പൂർണ്ണമായും തണുത്തുറഞ്ഞ നിലയിലായിരുന്നു ശരീരം. 1.55 മീറ്റർ (5.09 അടി) ഉയരവും ഏകദേശം 78 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത്.
ഇത്തരത്തിൽ ഒരു ജീവിയുടെ അവശിഷ്ടം തങ്ങൾക്ക് കിട്ടുന്നത് ഇത് ആദ്യമാണെന്നും അതുകൊണ്ടുതന്നെ ആന്തരിക അവയവങ്ങളെ കുറിച്ചും തലച്ചോറിനെ കുറിച്ചുമുള്ള പഠനത്തിൽ ഇത് നിർണായക പങ്കുവഹിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. ജനിതക പരിശോധനയിൽ റഷ്യയിൽ ഇപ്പോൾ കണ്ടുവരുന്ന കരടികളിൽ ഇതിനു വലിയ മാറ്റമില്ലെന്ന് കണ്ടെത്തിയതായും ഗവേഷകർ കൂട്ടിച്ചേർത്തു. മരണസമയത്ത് കരടിക്ക് രണ്ടോ മൂന്നോ വയസ്സ് പ്രായം ഉണ്ടായിരുന്നുവെന്നും നട്ടെല്ലിന്ന് ഏറ്റ പരിക്കാണ് മരണകാരണമായതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. എന്നാൽ ഈ ദ്വീപിൽ കരടി എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇതുവരെയും വന്നിട്ടില്ല.