അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
അറിവിന്റെ പുതിയ വാതായനങ്ങൾക്ക് വാതിൽ തുറന്ന് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു. വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
മാർച്ച് നാലുവരെ നടക്കുന്ന മേളയിൽ വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഫെബ്രുവരി 23, 27, മാർച്ച് ഒന്ന് ദിവസങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്കും 26,28, മാർച്ച് രണ്ട് തീയതികളിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും മാത്രമായിരിക്കും പ്രവേശനം. രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ടുമണിവരെ ഈ വിഭാഗത്തിൽപെടുന്നവർക്ക് സ്റ്റാളുകൾ സന്ദർശിക്കാം. ഈ ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്തുമണിവരെ മറ്റുള്ളവർക്കും സ്റ്റാളുകൾ സന്ദർശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഫെസ്റ്റിവലിലെ പുസ്തകങ്ങളും മറ്റും തിരയാനായി സംഘാടകർ ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. https://mctbookfair.gov.om/book എന്ന പോർട്ടലിലൂടെ ഈ വിവരങ്ങൾ ലഭ്യമാകും. ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലെ മസ്കറ്റ് ഇന്റർനാഷനൽ ബുക്ക് ഫെയർ ആപ്ലിക്കേഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഇംഗ്ലീഷ്, അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. സംവാദങ്ങൾ, പുസ്തക പ്രകാശനം, ചർച്ചകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവ അരങ്ങേറും.
1194 പവലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 204,411 വിദേശ പുസ്തകങ്ങളും 260,614 അറബിക് പുസ്തകങ്ങളുമാണ് മേളയിലുള്ളത്. തെക്കൻ ബാത്തിന ഗവർണറേറ്റ് ആണ് ഈ വർഷത്തെ വിശിഷ്ടാതിഥി. മലയാള പുസ്തകവുമായി അൽ ബാജ് ബുക്സ് പുസ്തകോത്സവത്തിലുണ്ട്. 27 രാഷ്ട്രങ്ങളില്‍നിന്നുള്ള 715 പ്രസാധകരാണ് കഴിഞ്ഞ വർഷം മേളയുടെ ഭാഗമായത്. 2020ൽ 946 പ്രസാധകരായിരുന്നു പങ്കെടുത്തിരുന്നത്. 1992ൽ ആരംഭിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 27ാം പതിപ്പിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.