അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും

 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്യാംപയിൻ ആരംഭിച്ച് വിവേക് രാമസ്വാമി. മലയാളി വേരുകളുള്ള അമേരിക്കൻ ബിസിനസുകാരനാണ് 37കാരനായ വിവേക് രാമസ്വാമി. ഫോക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി താനും മത്സര രംഗത്തേക്കുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റൊരു ഇന്ത്യൻ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുൻ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും വിവേകിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിനുണ്ടാകുമെന്നാണ് വിവരങ്ങൾ.

കേരളത്തിൽ വേരുകളുള്ള, മാതാപിതാക്കൾ പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ വിവേക് രാമസ്വാമി അമേരിക്കയിലെ സിൻസിനാറ്റിയിലാണ് ജനിച്ചത്. അച്ഛൻ ജനറൽ ഇലക്ട്രിക് എഞ്ചിനീയറും അമ്മ വയോജന മനോരോ​ഗ വിദ​ഗ്ധയുമായിരുന്നു. ഹാർവാർഡ്, യാലെ യൂണിവേഴ്സിറ്റികളിൽ നിന്നായിരുന്നു വിവേക് രാമസ്വാമിയുടെ പഠനം. 2007ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തു.

അഞ്ഞൂറ് കോടി അമേരിക്കൻ ഡോളറിന് മുകളിൽ ആസ്തിയുള്ളതായി കേൾക്കുന്ന വിവേക് രാമസ്വാമി തന്റെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കരുനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിക്കി ഹാലിക്ക് ശേഷം റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ-അമേരിക്കക്കാരൻ കൂടിയാണ് വിവേക് രാമസ്വാമി. 2014 ൽ ഫാർമസ്യൂട്ടിക്കൽ റിസർച്ച് കമ്പനിയായ റോവന്റ് സയൻസസ് സ്ഥാപിച്ച വിവേക് രാമസ്വാമി അതിലൂടെ കോടിക്കണക്കിന് ഡോളറാണ് സമ്പാദിച്ചത്. അസറ്റ് മാനേജ്മെന്റ് സംരംഭമായ സ്ട്രൈവിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായിരുന്നു വിവേക് രാമസ്വാമി.

ഒരു ബയോടെക് സംരംഭകൻ എന്ന നിലയിലും എഫ്ഡിഎ അംഗീകൃത അഞ്ച് മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഡെവലപ്പർ എന്ന നിലയിലും വിജയകരമായ സംരംഭകനായിരുന്നു വിവേക് രാമസ്വാമി. നാൽപ്പത് വയസിന് താഴെ പ്രായമുള്ള അമേരിക്കയിലെ ധനികനായ യുവസംരംഭകരിൽ ഒരാൾ കൂടിയാണ് വിവേക് രാമസ്വാമി. തന്റെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കത്തിന്റെ ഭാ​ഗമായി വിവേക് രാമസ്വാമി അമേരിക്കൻ സംസ്ഥാനമായ അയോവയിൽ പ്രസം​ഗങ്ങളും മറ്റു പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. 20 പേരടങ്ങുന്ന ഒരു സംഘമാണ് വിവേക് രാമസ്വാമിക്ക് ഇത്തരത്തിലുള്ള നിർദേശങ്ങൾ നൽകുന്നതെന്നാണ് വിവരം.

അമേരിക്കൻ ആശയങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം എടുത്തതിൽ ഞാൻ അതിയായി അഭിമാനിക്കുന്നുവെന്ന് വിവേക് രാമസ്വാമി പറഞ്ഞതായി ഫോക്സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇതൊരു രാഷ്ട്രീയ നീക്കമല്ല. മറിച്ച് അമേരിക്കയിലെ പുതു തലമുറക്ക് അവരുടെ സ്വപ്നങ്ങൾ നേടാനുള്ള സാംസ്കാരിക നീക്കമാണിതെന്നും വിവേക് രാമസ്വാമി പറഞ്ഞതായി ഫോക്സ് റിപ്പോർട്ട് ചെയ്യുന്നു.