സഹയാത്രികന്റെ കാബിന് ഹാന്‍ഡ് ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ
വിമാനത്തിനുള്ളില്‍ സഹയാത്രികന്റെ കാബിന് ഹാന്‍ഡ് ബാഗ് മോഷ്ടിച്ചതിന് രാജസ്ഥാന് സ്വദേശിയും 37കാരനായ വെബ് ഡിസൈനർ പിടിയില്‍. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു മോഷണം. ജോധ്പൂരില്‍ നിന്ന് വെബ് ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോധപൂരില്‍ ഭക്ഷണശാല നടത്തുന്ന ഹരി ഗാര്‍ഗ് എന്ന യുവാവാണ് അറസ്റ്റിലായത്.
ക്യാബിന് ബാഗ് മോഷണം പോയതായി ഡെറാഡൂണ്‍ സ്വദേശിയായ യാത്രക്കാരന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സഹയാത്രികനെക്കുറിച്ചുള്ള സംശയവും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഘം ഇയാളെ ജോധ്പൂരില്‍ നിന്ന് പിടികൂടിയത്. ബാഗിലുണ്ടായിരുന്ന ഐഫോണ്‍ 14 പ്രോ, ലാപ്ടോപ്പ്, 350 യുഎസ് ഡോളര്‍, 200 കനേഡിയന്‍ ഡോളര്‍ എന്നിവ സ്വന്തം ഉപയോഗത്തിനായി എടുക്കുകയായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. ഇയാളില്‍ നിന്ന് പണം കണ്ടെത്തിയിട്ടുണ്ട്.