പികെ റോസിക്ക് ആദരവുമായി ഗൂഗിള്‍
മലയാളത്തിലെ ആദ്യ നായികയായിരുന്നു പികെ റോസി. കാലത്തിന്റെ മറവിയിലേക്ക് ആരാരും ഓര്‍ക്കാതെ ഓടിച്ചുവിട്ട ആദ്യത്തെ നായിക. അവരുടെ 120മത്തെ ജന്മദിനമാണ് ഫെബ്രുവരി 10. ഇത് ഓര്‍ത്തെടുക്കുകയാണ് ഗൂഗിള്‍. അതിനായി ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ദിവസങ്ങളില്‍ വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനാണ് ഡൂഡില്‍ എന്ന് പറയുന്നത്. പികെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിള്‍ ഇന്ന് ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പികെ റോസിയുടെ വിവരങ്ങളിലേക്ക് നയിക്കും.
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു പി.കെ. റോസി. ഇതിന്റെ പേരില്‍ തന്നെ കടുത്ത ആക്രമണമാണ് റോസി ഏറ്റുവാങ്ങിയത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും ഉണ്ടായി.
1930 നവംബർ ഏഴിനാണ് ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന് എന്ന കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രം തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററില്‍ റിലീസ് ചെയ്തത്. സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു എന്ന് പറഞ്ഞാണ് തിയറ്ററിൽ റോസി കടന്നുവന്നപ്പോള്‍ ഒരു വിഭാഗം അധിക്ഷേപിച്ചത്. അന്ന് തീയറ്ററിന് തീയിട്ട സംഭവവും ഉണ്ടായി. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുന്ന അവസ്ഥയും ഉണ്ടായി.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ ഇവരുടെ വിവാഹം പോലും നടന്നില്ല. ഒടുവില്‍ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നാണ് വിവരം. വീട് വിറ്റ് വീട്ടുകാരും തിരുവനന്തപുരം വിട്ടു.
റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാർത്ഥ പേര് രാജമ്മ എന്നാണ് ചില വെളിപ്പെടുത്തലുകള്‍ ഉണ്ട്. നാഗർകോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 1988 ല്‍ ഇവര്‍ മരണപ്പെട്ടുവെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്. അഭിനയിക്കാൻ അറിയാതിരുന്ന റോസി, സംവിധായകൻ പറഞ്ഞ രീതിയിൽ കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്ന് സിനിമയുടെ നിർമ്മാതാവും സംവിധായകനുമായിരുന്ന ജെ.സി. ഡാനിയേൽ സൂചിപ്പിച്ചിരുന്നു.
അന്തരിച്ച മലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശേഖരത്തിൽ നിന്നും 2011 ല്‍ റോസിയുടെതെന്ന് കരുതുന്ന ഒരു ചിത്രം കണ്ടെത്തിയിരുന്നു.