സ്കോളർഷിപ്പോടെ എം.ടെക് പഠനവും ജോലിയും
മദ്രാസ്/ ഡൽഹി ഐ.ഐ.ടിയിലും സൂറത്കൽ/ട്രിച്ചി എൻ.ഐ.ടിയിലും കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് പഠിച്ച് ജോലിനേടാൻ പ്രമുഖ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ അവസരമൊരുക്കുന്നു. സ്പോൺസർഷിപ് ഫീസും ട്യൂഷൻ ഫീസും കമ്പനി നേരിട്ട് പഠിക്കുന്ന സ്ഥാപനത്തിന് നൽകും. രണ്ടു വർഷത്തെ മുഴുസമയ കോഴ്സ് ജൂലൈയിൽ ആരംഭിക്കും. പ്രതിമാസം 13,400 രൂപ സ്റ്റൈപൻഡ് അടങ്ങിയ ബിൽഡ് ഇന്ത്യ സ്കോളർഷിപ് ലഭിക്കും.
വിജയകരമായ പഠനം പൂർത്തിയാക്കുന്നവർക്ക് ആകർഷകമായ ശമ്പളത്തോടെ കമ്പനിയുടെ പ്രോജക്ട് മാനേജ്മെന്റ് ആൻഡ് എക്സിക്യൂഷനിൽ എൻജിനീയർ/മാനേജർ ആയി നിയമനം ലഭിക്കും. 2023ൽ ബി.ഇ/ബി.ടെക് 70 ശതമാനം മാർക്കിൽ വിജയിക്കുന്നവർക്കാണ് അവസരം. സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായം 23. വിജ്ഞാപനം www.lntecc.com/careersൽ. ഫെബ്രുവരി 28വരെ അപേക്ഷിക്കാം. അപേക്ഷ ഫീസില്ല. ചുരുക്കപ്പട്ടികയിൽപെടുന്നവർക്ക് മാർച്ച് 19ന് എഴുത്തുപരീക്ഷ നടത്തും. ഏപ്രിൽ, മേയ് മാസങ്ങളിൽ അഭിമുഖം നടത്തി സ്പോൺസർഷിപ് ലെറ്റർ നൽകും. അന്വേഷണങ്ങൾക്ക് BIS@LNTECC.COMലും ബന്ധപ്പെടാം.