റിയൽ എസ്റ്റേറ്റ് മേഖലയിൽ നാലു ഭീമൻ പദ്ധതികൾ
ഹജ്ജ്-ഉംറ തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ നാല് ഭീമൻ പദ്ധതികൾ നടപ്പാക്കുന്നു. മക്ക-മസാഇർ റോയൽ കമീഷനാണ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ജിദ്ദ എക്സ്പ്രസ് റോഡിന് സമീപം നിർമിക്കുന്ന ‘മസാർ’ പദ്ധതിയാണ് അതിലൊന്ന്. നാലെണ്ണത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. 100 ശതകോടി റിയാലാണ് മസാർ പദ്ധതി ചെലവ്. ഹജ്ജ്, ഉംറ സീസണുകളിൽ തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന നിരവധി ഹോട്ടലുകളും റസിഡൻഷ്യൽ ടവറുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഇതിൽ വിനോദ, വിപണന കേന്ദ്രങ്ങളും വലിയ ഷോപ്പിങ് മാളും മൂന്നര കിലോമീറ്റർ നീളവും 3.20 മീറ്റർ വീതിയുമുള്ള നടപ്പാതയും ഉൾപ്പെടും.
രണ്ടാമത്തെ പദ്ധതി 3,23,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മക്കയിലെ മആബ്ദ ഡിസ്ട്രിക്ടിൽ നിർമിക്കുന്നതാണ്. പ്രധാന റോഡുകളുടെ മധ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂന്നാം റിങ് റോഡിലേക്കും അൽഹജുൻ ടണലിലേക്കുമുള്ള റോഡുകളുടെ വശത്താണ് ഇത്. രണ്ട് ലക്ഷം ഹജ്ജ് തീർഥാടകരെയും 14 ലക്ഷം ഉംറ തീർഥാടകരെയും ഉൾക്കൊള്ളാനുള്ള ശേഷി ഈ പദ്ധതിയിലുണ്ട്. ഇതിൽ 68 ഹോട്ടൽ ടവറുകളും 25 റസിഡൻഷ്യൽ ടവറുകളും നിർമിക്കും. അത്യാധുനിക ഉപകരണങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, വാണിജ്യ-ആരോഗ്യ-വിനോദ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 40,000 ഭവന യൂണിറ്റുകളാണ് ഈ പദ്ധതിയിലുള്ളത്. മക്കയുടെ പരമ്പരാഗത സ്വഭാവത്തിന് അനുസൃതമായ വിനോദസഞ്ചാര കേന്ദ്രവും ഇതിലുണ്ടായിരിക്കും.
മക്ക ഹറമിന് ചുറ്റുമുള്ള ഉമർ മലയിൽ (ജബൽ ഉമർ) ആണ് മൂന്നാമത്തെ പദ്ധതി. പലവിധ സേവനങ്ങളുൾപ്പെട്ടതായിരിക്കും ഈ പദ്ധതി. ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ആഡംബര താമസ യൂണിറ്റുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ മൂന്നു ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ 15 ആഡംബര ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടൽ ടവറുകളുണ്ടാകും. ഏകദേശം 5,000 ഹോട്ടൽ മുറികൾ ഇതിലുണ്ടാകും. അന്താരാഷ്ട്ര ഹോട്ടൽ നടത്തിപ്പുകാരായിരിക്കും ഇവ പ്രവർത്തിപ്പിക്കുക.
നാലാമത്തെ പദ്ധതി മക്ക, മശാഇർ റോയൽ കമീഷൻ അടുത്തിടെ ചേരികൾ നീക്കം ചെയ്തു വികസിപ്പിച്ച ഡിസ്ട്രിക്ടുകളിലും പ്രദേശങ്ങളിലുമാണ് നടപ്പാക്കുന്നത്. നക്കാസയിലും പിന്നീട് കദ്വ, സുഹുർ എന്നിവിടങ്ങളിലുമാണ് വികസന പദ്ധതികൾ ആരംഭിച്ചത്. പൗരന്മാർ, താമസക്കാർ, ഹജ്ജ്, ഉംറ തീർഥാടകർ എന്നിവരുൾപ്പെടെയുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സേവനങ്ങൾ മെച്ചപ്പെടുത്താനും റോയൽ കമീഷൻ നടപ്പാക്കിയ പ്രധാന വികസന പദ്ധതികളാണിവ. താമസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ചേരികൾ ഇല്ലാതാക്കുന്നതിനുമാണ് ഇങ്ങനെയൊരു വികസന പദ്ധതി നടപ്പാക്കിയത്.