കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നാളെ

 കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നാളെ

കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ ഒഴിവ് നികത്തുന്നതിനായി നോർക്ക റൂട്ട്സ് മുഖേന നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് കോൺട്രാക്ട് നൽകുന്നതിനായി കെ.എൻ ജി ഉദ്യാഗസ്ഥസംഘം കൊച്ചിയിലെത്തി. നാളെ (ഫെബ്രുവരി 6) മുതൽ 10 വരെ കൊച്ചി നവോട്ടെൽ ഹോട്ടലിലാണ് നിയമനടപടികൾ നടക്കുക. കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് പുതുതായി ഒഴിവുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിവിധ വിഭാഗം ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത ഡോക്ടർമാരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും.

ഹോട്ടൽ നവോട്ടെലിൽ നാളെ രാവിലെ 10 മുതൽ നടക്കുന്ന റിക്രൂട്ട്മെന്റ് നടപടികൾ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, കുവൈറ്റ് നാഷണൽ ഗാർഡ് പ്രതിനിധികളായ കേണൽ അൽ സയ്ദ് മെഷൽ, കേണൽ ഹമ്മാദി തരേഖ്, മേജർ അൽ സെലമാൻ ദാരി, ലെഫ്. കേണൽ അൽ മുത്താരി നാസർ തുടങ്ങിയവർ സംബന്ധിക്കും.

കുവൈറ്റ് നാഷണല്‍ ഗാര്‍ഡിൽ നിലവിലുള്ള വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 18004253939 (ഇന്ത്യയില്‍ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.