ശമ്പളം വൈകിപ്പിക്കൽ; നടപടിയുമായി തൊഴിൽ മന്ത്രാലയം
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ച കമ്പനിക്കെതിരെ നടപടിയുമായി ഒമാൻ തൊഴിൽ മന്ത്രാലയം. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 51, 53 എന്നിവ അടിസ്ഥാനമാക്കിയാണ് ദാഹിറ ഗവര്‍ണറേറ്റില്‍ കമ്പനിക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്‍വീതം പ്രതിമാസം പിഴ ചുമത്തുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോമാസവും പിഴ ഇരട്ടിയാക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം 24,000 ലേബർ പരാതികളാണ് തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളാണുണ്ടായിരുന്നത്. എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നാണ് നിയമം. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണ്. തൊഴിലുടമകള്‍ ഡബ്ല്യു.പി.എസ് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ സേവനം നല്കാന് അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്കാന് കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്.