ഓഫീസ് മാനേജ്മെന്റ് ട്രെയിനി പരിശീലനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതായിരിക്കും.
ഉദ്യോഗാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 1,00,000/-രൂപയിൽ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000/-രൂപ ഓണറേറിയം നൽകുന്നതാണ്. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും തികച്ചും താൽക്കാലികവും പരമാവധി ഒരു വർഷത്തേയ്ക്ക് മാത്രമായിരിക്കുന്നതുമാണ്.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങൾ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ആലുവ ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നി വിടങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15 ആണ്. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല.